നിന്റെ നഗരം വിടുന്നു — അഘ ഷാഹിദ് അലി

അഘ ഷാഹിദ് അലി
അഘ ഷാഹിദ് അലി

നിശാബാറിൽ,
നിന്റെ നിശ്വാസം
എനിക്കു മേൽ വീണൂ

നിന്റെ ചിരിയുടെ തുമ്പിൽ
പിടിച്ചു ഞാൻ വീഴാതെ നിന്നു.

നിന്റെ വാക്കുകളിൽ മുറുകെപ്പിടിച്ച്
ഇരുണ്ട പടികൾ കയറി

അതീവശ്രദ്ധയോടെ,
നിന്റെ ഫർണിച്ചറുകൾ മരണത്തിനായി
ഒരുക്കിയിട്ടിരിക്കുകയായിരുന്നു.

നിലാവിനു മേലുരസി നീ
കത്തിക്കു മൂർച്ചകൂട്ടി,
ഉന്മാദവെള്ളി പൂശിയതിനെ മിനുക്കി.

കരുണാർദ്രയായിരുന്നു നീ,
കുടിച്ചുകുഴഞ്ഞ നാവിനാൽ കവിത ചൊല്ലി.
ഞാൻ ആലോചിച്ചു: അവസാനമായിരിക്കുന്നു!

ഇപ്പോൾ നിന്റെ ഓർമ്മയ്ക്കകത്തും പുറത്തുമായി
ഞാൻ അലഞ്ഞുതിരിയുകയാണ്,

എവിടെപ്പോയാലും നിന്നോട് മിണ്ടുന്നു.

ഞാനെന്റെ ഇല്ലായ്മയിലേക്ക് ചുരുങ്ങി
നീയോ മറ്റൊരു രാജ്യത്തുനിന്നുള്ള
അശാന്തമായ സ്വപ്നത്തിലേക്കും
അവിടത്തെ കടലിനോ മതിപ്പേറും നീലിമ

എന്റെ വിരൽത്തുമ്പിൽ, നിന്റെ ഫോൺ നമ്പർ,
വിളിക്കുകയാണ് ആ രാത്രിയെ.

അങ്ങനെ നിന്റെ നഗരം എന്നെ പിന്തുടരുന്നു
അതിന്റെ തരിവെട്ടങ്ങൾ എന്റെ കണ്ണിലൊടുങ്ങുന്നു.

അഘ ഷാഹിദ് അലി (1949 – 2001): കാശ്മീരി-അമേരിക്കൻ കവി.