അമേരിക്കൻ ഗദ്യകവിതയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റസ്സൽ എഡ്സനെ ആദ്യമായി വായിക്കുന്നവർ എഴുത്തിലെ ഫലിതം കാരണം ചിരിക്കാം, എന്താണ് ഇയാൾ കവിതയെന്ന പേരിൽ എഴുതിയിരിക്കുന്നത് എന്ന തോന്നലുണ്ടായി നിരാശരാകാം. ചിലർക്ക് അവ ഗദ്യകവിതകൾ ആകാം. മറ്റു ചിലർക്ക് കെട്ടുകഥകൾ ആകാം. കാര്യമെന്തായാലും, കവിതയെന്ന പേരിൽ നാം പരിചയിച്ച എഴുത്തുകളിൽ നിന്നും എഡ്സൻ്റെ എഴുത്ത് പാലിക്കുന്ന വ്യത്യാസമാണ് ഈ തോന്നലിനൊക്കെ കാരണമാകുന്നത്. എഡ്സൻ്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ വേണമെങ്കിൽ ആർക്കും റസ്സൽ എഡ്സനെ പോലെ എഴുതാം. അസാദ്ധ്യമെന്നു കരുതപ്പെടുന്ന സ്ഥലകാലങ്ങളെയും സാഹചര്യങ്ങളെയും ലളിതവും കണിശവുമായ ഭാഷയിൽ, ന്യായീകരിക്കപ്പെടാനിടയുള്ള ശൈലിയിൽ ആവിഷ്കരിക്കാനാകണമെന്നുമാത്രം. ഷൂവിനെ കല്യാണം കഴിക്കുന്ന പുരുഷനെയും കല്ലിനെ തടവിലിടുന്ന മകനെയും താനൊരു മരമായെന്ന് അച്ഛനമ്മമാരെ പറഞ്ഞു വിശ്വസിപ്പിക്കുകയും എന്നാൽ താൻ നുണ പറയുകയായിരുന്നെന്നു മറിച്ച് പറഞ്ഞു വിശ്വസിപ്പിക്കാനാകാതെ പോകുന്ന ആളെയും എഴുതിഫലിപ്പിക്കാൻ സാധിക്കണം.
സാഹിത്യത്തിലെ ഒരു രൂപത്തോടും കടപ്പാടും ബാധ്യതയും വെച്ചുപുലർത്താതെ എഴുതണമെന്നത് എഡ്സൻ്റെ ആഗ്രഹമായിരുന്നു. കവിതയുടെ നിർവ്വചനത്തിൽ ഒതുങ്ങാത്ത കവിത. കഥാസാഹിത്യത്തിൻ്റെ ആവശ്യഘടകങ്ങൾ ഉൾക്കൊള്ളാത്ത ഗദ്യം. ഗദ്യകവിതയുടെ വിലക്ഷണതയും എന്തെങ്കിലും ആകണമെന്ന ആഗ്രഹമില്ലായ്മയും ഹാസജനകമായിരിക്കാനുള്ള ശേഷിയും ഒക്കെയാണ് തന്നെ അതിലേക്ക് ആകർഷിച്ചതെന്ന് അദ്ദേഹം പറയുന്നു. എഴുതി പൂർത്തിയായത് സാഹിത്യസൃഷ്ടിയായി മാറുന്നത് എഡ്സനെ സംബന്ധിച്ച് തികച്ചും യാദൃച്ഛികമായ കാര്യമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വല്ലപ്പോഴുമൊക്കെ പറക്കുന്ന വിമാനം പോലെയാണ് കവിതയും, പറക്കുമോ ഇല്ലയോ എന്നതിനെ പറ്റിയൊന്നും അതിൻ്റെ പൈലറ്റ് ആലോചിക്കുന്നില്ല. റസ്സൽ എഡ്സനെ വായിക്കുന്നയാൾ കോരിത്തരിക്കുന്നത് തമാശയായി എന്തൊക്കെയോ എഴുതിക്കൂട്ടിയ ആളെയല്ല താൻ വായിക്കുന്നത് വലിയൊരു ചിന്തകനെ ആണെന്ന് തിരിച്ചറിയുന്ന നിമിഷമായിരിക്കും. ചിന്തിച്ചുകൂട്ടിയത് ഉപസംഹരിക്കുന്ന കവിയെയല്ല കാണാനാകുന്നത്, ആ ചിന്തയുടെ പ്രക്രിയ തന്നെയാണ് പങ്കുവെക്കുന്നത്. അതിനാൽ ഈ കവിതകൾക്ക് വായനക്കാരുടെ ഇടപെടൽ ആവശ്യമാണ്.